ഇടുക്കി: മുല്ലപ്പെരിയാറിലെ എല്ലാ സ്‌പിൽ വേ ഷട്ടറുകളും ഉയർത്തി. വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്‌പിൽ വേയിലെ എല്ലാ ഷട്ടറുകളും ഉയർത്തിയത്. പെരിയാറിലേയ്‌ക്ക് 10,000 കുസെക്‌സിൽ അധികം വെള്ളം ഒഴുക്കുന്നതിനൊപ്പം ടണൽ മാർഗം 2144 കുസെക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ട് പോകുന്നുണ്ട്.
അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക് ഒഴുക്കി തുടങ്ങിയതോടെ, പെരിയാർ തീരത്ത് വിവിധ മേഖലകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം 5000 കുസെക്‌സ് വെള്ളം പുറത്തേക് ഒഴുക്കിയപ്പോൾ താഴ്ന്ന പ്രദേശങ്ങളായ ആറ്റോരം, വികാസ് നഗർ തുടങ്ങിയ മേഖലകളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു.
നിലവിൽ മുല്ലപ്പെരിയാര്‍ കറുപ്പ് പാലം, വികാസ് നഗര്‍, മഞ്ചുമല ആറ്റോരം, ഇഞ്ചിക്കാട് ആറ്റോരം, കടശ്ശികടവ് ആറ്റോരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ പാലവും ചന്ദ്രവനം കീരിക്കര പാലവും മുങ്ങി. ഇതോടെ വഞ്ചിവയല്‍ കോളനി ഒറ്റപ്പെട്ടു.