ഇടുക്കി: മൂന്നാറിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു. പൊലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാകും സ്‌ക്വാഡ് രൂപീകരിക്കുക. സ്‌ക്വാഡിൻ്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇനി മുതൽ ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിടിവീഴും. ദിനംപ്രതി മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഏറി വരികയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ദേവികുളം സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്.
മൂന്നാറിലെ ഗതാഗതക്കുരുക്ക്; സബ് കലക്‌ടറുടെ നേതൃത്വത്തിൽ സ്‌പെഷ്യല്‍ സ്‌ക്വാഡ്
മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഏറി വരികയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
ടൗണില്‍ നിരീക്ഷണം നടത്തി അനധികൃത പാര്‍ക്കിങ് കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുന്ന നിലയിലാവും സ്‌ക്വാഡിൻ്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയെന്ന് ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ പറഞ്ഞു. അനധികൃത പാര്‍ക്കിങ് കണ്ടെത്തിയാല്‍ ആദ്യം താക്കീത് നല്‍കുകയും വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുകയും ചെയ്യും. ഇതിനോടകം വിവിധങ്ങളായ ഗതാഗത പരിഷ്‌ക്കരണം ടൗണില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
പാര്‍ക്കിങിനായി മൂന്നാറിലും സമീപ പ്രദേശങ്ങളിലും മതിയായ ഇടമുണ്ടെങ്കിലും മൂന്നാറിലേക്കെത്തുന്നവര്‍ അവ കൃത്യമായി വിനിയോഗിക്കാന്‍ തയാറാവുന്നില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ച് നടപടി കടുപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനമെടുത്തത്.