ഇടുക്കി: രാജകുമാരി ഖജനാപ്പാറയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ട് ഗ്രാമ പഞ്ചായത്ത്. തുമ്പൂര്‍മുഴി മാതൃകയില്‍ നടപ്പിലാക്കിയ മാലിന്യ പ്ലാന്‍റ് പ്രവര്‍ത്തനം നിലച്ച് സമീപത്ത് വന്‍തോതില്‍ മാലിന്യം കുന്നുകൂടുന്നതായ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. മാലിന്യം നീക്കം ചെയ്‌ത ശേഷം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നേരത്തെ പദ്ധതിയുടെ നടത്തിപ്പ് പാളിയതോടെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം ഇവിടെ നിക്ഷേപിച്ചിരുന്നു. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മാലിന്യം കുന്നുകൂടിയത് പകര്‍ച്ചവ്യാധി ഭീഷണിയും സൃഷ്‌ടിച്ചു.
ഖജനാപ്പാറയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം
മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് രാജകുമാരി ഖജനാപ്പാറയിലെ മാലിന്യ പ്രശ്‌നത്തിന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പരിഹാരം കണ്ടത്
പുനരാരംഭിച്ച സംസ്‌കരണ കേന്ദ്രത്തിന് പുറത്ത് മാലിന്യം പുറത്ത് നിക്ഷേപിക്കരുതെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും പഞ്ചായത്തിന്‍റെ പരിഗണനയിലാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ഖജനാപ്പറയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായിട്ടാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പദ്ധതി നടപ്പാക്കിയത്. ജൈവ മാലിന്യങ്ങള്‍ പ്ലാന്‍റില്‍ നേരിട്ട് നിക്ഷേപിക്കുകയും ഇതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന സ്ലെറി ജൈവ കൃഷിക്കായി ഉപയോഗിക്കുകയുമായിരുന്നു പദ്ധതി.