ഇടുക്കി: പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ ആനയിറങ്കല്‍ അണക്കെട്ട് തുറന്നു. പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ സഹായ അണക്കെട്ടായ ആനയിറങ്കലിന്‍റെ സ്ലൂയിസ് ഗേറ്റാണ് തുറന്നത്. പന്നിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വരള്‍ച്ചയില്‍ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലക്കും ആശ്വാസമായി. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ബാബു ജോസഫിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച രാവിലെ 11.30നാണ് അണക്കെട്ടിന്‍റെ സ്ലൂയിസ് ഗേറ്റ് രണ്ട് ഘട്ടമായി 80 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയത്.
ആനയിറങ്കൽ അണക്കെട്ട് തുറന്നു - ponumudi dam
തിങ്കളാഴ്‌ച രാവിലെ 11.30നാണ് അണക്കെട്ടിന്‍റെ സ്ലൂയിസ് ഗേറ്റ് രണ്ട് ഘട്ടമായി 80 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയത്.
സെക്കന്‍ഡില്‍ 11000 ലിറ്റര്‍ വെള്ളമാണ് ടണല്‍ വഴി പന്നിയാര്‍ പുഴയിലേക്ക് ഒഴുകുന്നത്. വേനല്‍ ആരംഭിച്ചതോടെ ജില്ലയിലെ ഭൂരിഭാഗം അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നുവെങ്കിലും ആനയിറങ്കല്‍ അണക്കെട്ട് ജലസമൃദ്ധമാണ്. 1207 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. 1206.47 മീറ്ററാണ് തിങ്കളാഴ്‌ചത്തെ ജലനിരപ്പ്. ശാന്തമ്പാറ, സേനാപതി, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും പന്നിയാര്‍ പുഴയെയാണ്. പുഴ ചെന്നുചേരുന്ന പൊന്മുടി അണക്കെട്ടില്‍ 695.25 മീറ്ററാണ് തിങ്കളാഴ്‌ചത്തെ ജലനിരപ്പ്.