ഇടുക്കി : രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ പട്ടയമേളയ്‌ക്ക് ഒരുങ്ങുന്നതിനിടെ ഇടുക്കിയില്‍ പ്രതിഷേധമുയരുന്നു. സെപ്‌റ്റംബര്‍ 14-ാം തിയ്യതി തൃശൂരിലാണ് മേള. എന്നാല്‍ 2423 പട്ടയങ്ങൾ മാത്രമേ ഇടുക്കിയ്ക്കായി വിതരണം ചെയ്യാന്‍പോകുന്നുള്ളൂവെന്നാണ് ആക്ഷേപം.
1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം 1813, പ്രത്യേക ഭൂപതിവ് 1993 ചട്ടപ്രകാരം 393, എല്‍.ടി ക്രയസര്‍ട്ടിഫിക്കറ്റ് പ്രകാരം 25 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്യാന്‍ തീരുമാനമായത്. മുനിസിപ്പല്‍ ചട്ടപ്രകാരം 3, വനാവകാശ രേഖയനുസരിച്ച് 158, ഹൈറേഞ്ച് കൊളോനൈസേഷന്‍ സ്‌കീം പ്രകാരം 31 എന്നിങ്ങനെയും വിതരണത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നു.
കൃത്യമായ നടപടികൾ സ്വികരിച്ചില്ലെന്ന് കോണ്‍ഗ്രസ്
ജില്ലയില്‍ ആറ് എല്‍.എ ഓഫിസുകളിലായി 15,000 ത്തിലധികം അപേക്ഷകളാണുള്ളത്. ഈ സാഹചര്യത്തില്‍ വളരെ കുറച്ച് പട്ടയങ്ങള്‍ മാത്രം വിതരണം ചെയ്യുന്നത് ഉദ്യോഗസ്ഥ അലംഭാവമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റിയോഗങ്ങൾ വിളിച്ചുചേർത്ത് കൂടുതൽ പട്ടയങ്ങൾ കർഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും നേതാക്കള്‍ പറയുന്നു.