ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരണസംഖ്യ 43 ആയി. രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച തിരച്ചിലിൽ 17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ് ടീമുകൾ എട്ട് സംഘങ്ങളായാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടുക്കി എസ്‌പി കറുപ്പു സ്വാമി പറഞ്ഞു.
പെട്ടിമുടി ദുരന്തം; മരണസംഖ്യ 43 ആയി
തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. എന്നാല്‍ മഴ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കുന്നു.
മണ്ണിനിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരിശീലനം നേടിയ രണ്ട് പൊലീസ് നായകളെ പെട്ടിമുടിയിൽ എത്തിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. സമീപത്ത് കൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകി പോകാനുള്ള സാധ്യത കണക്കിലെടുത്ത് മുങ്ങൽ വിദഗ്‌ധരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ വൈകുന്നേരങ്ങളിൽ മഴ ശക്തമാകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ടാറ്റാ കമ്പനിയുടെ കണക്ക് പ്രകാരം 81 പേരാണ് പെട്ടിമുടി ലയത്തിലുണ്ടായിരുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർഥികളും ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ നൂറിന് മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്‌ചയാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്.