ഇടുക്കി: വിരമിക്കല്‍ ദിനത്തില്‍ സഹപ്രവര്‍ത്തകരുടെ ഉപഹാരം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി റവന്യു ഉദ്യോഗസ്ഥന്‍. അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ ജോലിക്കിടയില്‍ വിരമിച്ച ദേവികുളം താലൂക്ക് ഓഫീസിലെ ഡെപ്യുട്ടി തഹസീല്‍ദാര്‍ പിഎന്‍ ശശിയാണ് ഉപഹാരവും 25000രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
വിരമിക്കല്‍ ദിനത്തില്‍ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി റവന്യു ഉദ്യോഗസ്ഥന്‍ - രാജാക്കാട് സ്വദേശി
വിരമിക്കുന്ന വേളയില്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പിരിച്ചെടുത്ത 25000 രൂപ തനിക്ക് വേണ്ടെന്നും പകരം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ശശി ആഗ്രഹം പങ്കുവച്ചിരുന്നു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിന്നാറിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലായിരുന്നു ശശി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സേവനമനുഷ്‌ഠിച്ച് വന്നിരുന്നത്. വിരമിക്കല്‍ വേളയില്‍ ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പിഎന്‍ ശശി പറഞ്ഞു.
രാജാക്കാട് സ്വദേശിയായ ശശി 1991ലാണ് ജോലിയില്‍ പ്രവേശിച്ചത്. വിരമിക്കുന്ന വേളയില്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പിരിച്ചെടുത്ത 25000 രൂപ തനിക്ക് വേണ്ടെന്നും പകരം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ശശി ആഗ്രഹം പങ്കുവച്ചിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തുകയുടെ രേഖകള്‍ ചിന്നാറില്‍ നടന്ന ചടങ്ങില്‍ വച്ച് സബ് കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി എം കുന്നപ്പിള്ളി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എംവി ബിജു എന്നിവര്‍ ചേര്‍ന്ന് പിഎന്‍ ശശിക്ക് കൈമാറി.