ഇടുക്കി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ നായ്‌കുന്ന് മേഖലയിലെ കുടുംബങ്ങള്‍ക്ക് കല്ലാര്‍കുട്ടിക്ക് പോകാനുള്ള ഏക യാത്രാ മാര്‍ഗ്ഗമാണ് കടത്തു വള്ളം. രാവിലെ ഏഴ് മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ഏഴ് വരെയും വള്ളം അക്കരെയും ഇക്കരെയും എത്തിക്കാന്‍ കടത്തുകാരനേയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചു വരുന്ന വള്ളത്തിൻ്റെ കാലപ്പഴക്കമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കൂടാതെ ഫൈബര്‍ വള്ളത്തിൻ്റെ പല ഭാഗവും പൊളിയുകയും ചെറു ദ്വാരങ്ങള്‍ വള്ളത്തില്‍ രൂപപ്പെട്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാൽ കടവില്‍ പുതിയ വള്ളമിറക്കാന്‍ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
യാത്രാ ദുരിതത്തില്‍ വെള്ളത്തൂവല്‍ നിവാസികള്‍
കാലപ്പഴക്കത്താല്‍ തകര്‍ന്ന കടത്ത് വള്ളം മാറ്റി പുതിയത് അനുവദിക്കണമെന്ന ആവശ്യമാണ് കല്ലാര്‍കുട്ടി നായ്‌കുന്ന് മേഖലയിലെ കുടുംബങ്ങള്‍ക്ക് മുന്നോട്ട് വയ്ക്കുന്നത്
യാത്രാ സൗകര്യമാവശ്യപ്പെട്ട് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് നിവാസികൾ
രാവിലെയും വൈകിട്ടും സ്‌കൂള്‍ കുട്ടികളാണ് പ്രധാനമായും കടത്ത് വള്ളത്തെ ആശ്രയിക്കുന്നത്. കടത്തുകാരനില്ലെങ്കിലും കയറില്‍ ബന്ധിപ്പിച്ചിരിക്കുന്ന വള്ളത്തില്‍ കയറി യാത്രക്കാര്‍ക്ക് യാത്ര സാധ്യമാകും. മഴക്കാലത്ത് വള്ളത്തില്‍ കയറിയുള്ള യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതും അപകടകരവുമാണ്. കല്ലാര്‍കുട്ടിയേയും നായ്‌കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അണക്കെട്ടിന് കുറുകെ പാലമെന്ന ആവശ്യവും ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.