ഇടുക്കി: ഇടമുറിയാതെ പെയ്യുന്ന മഴയിലും പെട്ടിമുടിയില്‍ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. അവസാന ആളെയും കണ്ടെത്തുന്നത് വരെ രക്ഷാ പ്രവർത്തനം തുടരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. കൊടും തണുപ്പും മഴയും തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി എന്‍ഡിആര്‍എഫ്, വനം, പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ് സംഘങ്ങൾ തിരച്ചില്‍ നടത്തുകയാണ്. 42 പേരാണ് ഇതുവരെ പെട്ടിമുടി അപകടത്തില്‍ മരിച്ചത്. കാന്ധിരാജ് (48), ശിവകാമി (38) , വിശാല്‍ (12), മുരുകന്‍ (48), രാമലക്ഷ്മി (39), മയില്‍ സ്വാമി (45), കണ്ണന്‍ (40), അണ്ണാദുരൈ ( 48), രാജേശ്വരി (43), മൗനിക (18) തപസ്സിയമ്മ (42), കസ്തൂരി (19), ദിനേശ് (25), പനീര്‍ശെല്‍വം ( 50), ശിവരഞ്ജിനി (24), രാജ (35), ശോഭന (50), കുട്ടിരാജ് (50), ബിജില (46), സരസ്വതി (42), മണികണ്ഠന്‍ (20), ദീപക് (18), ഷണ്മുഖയ്യ (58), പ്രഭു (55), ഭാരതി രാജ (32), സരിത (53), അരുണ്‍ മഹേശ്വരന്‍ (34), പവന്‍ തായ് (52), ചെല്ലദുരൈ (57), തങ്കമ്മാള്‍ ഗണേശന്‍(45), തങ്കമ്മാള്‍ അണ്ണാദുരൈ (45), ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലീന്‍ മേരി (56), കപില്‍ദേവ് (28), ഈശയ്യ (58) സരസ്വതി ചെല്ലമ്മാള്‍ (60), ഗായത്രി (23), ലക്ഷണ ശ്രീ (7), അച്ചുതന്‍ (52), സഞ്ജയ് (14), അഞ്ജുമോള്‍ (21) എന്നിവരാണ് മരിച്ചത്.
പ്രതീക്ഷ കൈവിടാതെ രക്ഷാ പ്രവർത്തകർ: 42 മരണം, പെട്ടിമുടിയില്‍ പ്രതികൂല കാലാവസ്ഥ - രാജമല
കൊടും തണുപ്പിലും മഴയിലും മൂന്ന് ദിവസമായി എന്‍ഡിആര്‍എഫ് സംഘവും വനം, പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ് സംഘവും തിരച്ചില്‍ തുടരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയാണ് തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പിന് സമാനമായി തീര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് നീര്‍ച്ചാല്‍ രൂപപ്പെട്ടു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയും തകർന്നു. പാതയില്‍ നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായി റോഡിന്‍റെ വീതി നഷ്ടമായി. രക്ഷാ പ്രവർത്തനത്തിനായി ജെസിബിയും ലോറിയുമടക്കമുള്ള വലിയ വാഹനങ്ങള്‍ ഏറെ സാഹസപ്പെട്ടാണ് പെട്ടിമുടിയിലേക്കെത്തിക്കുന്നത്. ദുരന്തബാധിത മേഖലയില്‍ ആകെ ലഭ്യമായിരുന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനത്തിന്‍റെ വ്യാപ്തി കൂട്ടിയത് ആശയ വിനിമയ സംവിധാനം എളുപ്പമാക്കി.
മന്ത്രിമാരടക്കമുള്ളവരും പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്നാണ് തിരച്ചില്‍ ദൗത്യം ഏകോപിപ്പിക്കുന്നത്. കലക്ടര്‍ എച്ച് ദിനേശന്‍റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, എ.ഡി.എം ആന്‍റണി സ്‌കറിയ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, അസിസ്റ്റന്‍റ് കലക്ടര്‍ സൂരജ് ഷാജി, ഡി.എം.ഒ ഡോ എന്‍ പ്രിയ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി പയസ് ജോര്‍ജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും നേതൃത്വം നല്‍കുന്നത്.