ഇടുക്കി: സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കാനിരിക്കുന്ന ചിന്നക്കനാല്‍ എലിഫന്‍റ് പാര്‍ക്കിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ജനവാസ മേഖലകളെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ചിന്നക്കനാല്‍ എലിഫന്‍റ് പാര്‍ക്കിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
മതികെട്ടാന്‍ ചോലയെയും ഇരവികുളം ദേശീയോദ്യാനത്തെയും തമ്മില്‍ ബന്ധിപ്പിച്ച് എലിഫന്‍റ് പാര്‍ക്കിന്‍റെ പേരില്‍ വനമേഖലയാക്കി മാറ്റുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് നാട്ടുകാര്‍
ആനയിറങ്കല്‍ ഡാമിന്‍റെ വൃഷ്‌ടിപ്രദേശങ്ങളും ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ആനയിറങ്കല്‍, വിലക്ക്, 301 കോളനി എന്നിവിടങ്ങളും ഉള്‍പ്പെടുന്ന 600 ഹെക്‌ടര്‍ സ്ഥലമാണ് എലിഫന്‍റ് പാര്‍ക്കിനായി പരിഗണിക്കുന്നത്. ജിപിഎസ് സര്‍വേയടക്കം പൂര്‍ത്തിയായി കഴിഞ്ഞു. ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ഇതില്‍ നൂറുക്കണക്കിന് ഏക്കര്‍ ജനവാസമേഖലയും കൃഷിയിടവുമുണ്ട്. മതികെട്ടാന്‍ ചോലയെയും ഇരവികുളം ദേശീയോദ്യാനത്തെയും തമ്മില്‍ ബന്ധിപ്പിച്ച് എലിഫന്‍റ് പാര്‍ക്കിന്‍റെ പേരില്‍ വനമേഖലയാക്കി മാറ്റുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
സിങ്കുകണ്ടം, 301 കോളനി, 80 ഏക്കര്‍ പ്രദേശങ്ങളിലായി 2002-03 കാലയളവില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കാട്ടാനശല്യം രൂക്ഷമായതോടെ നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറുകയായിരുന്നു. ആനത്താവളമായ ഇവിടെ കോളനി സ്ഥാപിച്ചതാണ് കാട്ടാന ശല്യം രൂക്ഷമാകാന്‍ കാരണമെന്നും ഇവിടെയുള്ള ആദിവാസികളെ ഒഴിപ്പിച്ച് പാര്‍ക്ക് സ്ഥാപിക്കുന്നതോടെ കാട്ടാന ശല്യത്തിന് പൂര്‍ണപരിഹാരമാകുമെന്നതാണ് വനംവകുപ്പിന്‍റെ വാദം.