ഇടുക്കി : RDS company sends notice to plantation workers: തോട്ടം തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ഏറ്റെടുത്ത ചിന്നക്കനാൽ റവന്യൂ ഭൂമി വീണ്ടും കയ്യടക്കാന്‍ വന്‍കിട കമ്പനിയുടെ ശ്രമം. 2019ല്‍ ഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്തിയ തൊഴിലാളികള്‍ക്കെതിരെ ആർഡിഎസ് പ്രോജക്‌ട്സ് ലിമിറ്റഡ് എന്ന കമ്പനി വക്കീല്‍ നോട്ടിസ് അയച്ചു. നിലവില്‍ സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇവിടെ അനധികൃതമായി കടന്നുകയറിയെന്നും ആരോപിച്ചാണ് സമരത്തിന് നേതൃത്വം നല്‍കിയ തൊഴിലാളികള്‍ക്കെതിരെ നോട്ടിസ് അയച്ചിരിക്കുന്നത്.
2019ലാണ് ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം നടത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം നടത്തിയത്. സ്വകാര്യ വ്യക്തി വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയതിന് ശേഷം സ്വകാര്യ കമ്പനിക്ക് മറിച്ച് വിറ്റ സൂര്യനെല്ലിയിലെ ഭൂമിയില്‍ തോട്ടം തൊഴിലാളികള്‍ കുടുംബമായിട്ടെത്തി കുടില്‍കെട്ടിയായിരുന്നു സമരം നടത്തിയത്. ഇതിന് ശേഷം പട്ടയം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു.