ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ കയ്യേറ്റവും അനധികൃത നിര്‍മ്മാണവും വ്യാപകമായി തുടരുന്നു. പാഞ്ചാലിമേട് കയ്യേറ്റത്തിന് സമാനമായ രീതിയില്‍ പൊന്മുടി നാടുകാണിയിലും റവന്യൂ ഭൂമി കയ്യേറി പള്ളിയുടെ നേതൃത്വത്തില്‍ കപ്പേള സ്ഥാപിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും നടത്താന്‍ പാടില്ലെന്ന ജില്ലാ കലക്‌ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്.
ഹൈറേഞ്ചില്‍ കയ്യേറ്റങ്ങൾ വ്യാപകം; പൊന്മുടിയില്‍ റവന്യൂ ഭൂമി കയ്യേറി കപ്പേള നിര്‍മ്മാണം - nadukani
മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും നടത്താന്‍ പാടില്ലെന്ന ജില്ലാ കലക്‌ടറുടെ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് കപ്പേള നിര്‍മ്മാണം.
കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി നാടുകാണി വിനോദസഞ്ചാര കേന്ദ്രത്തിലാണ് റവന്യൂ വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച്, പഞ്ചായത്തിന്‍റെ അനുമതി പോലുമില്ലാതെ പള്ളിയുടെ പേരില്‍ കപ്പേള നിര്‍മ്മിച്ചത്. വിനോദസഞ്ചാര കേന്ദ്രമായി മേഖല വികസിച്ചതോടെ മുമ്പ് സ്ഥാപിച്ചിരുന്ന കുരിശ് മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണം തുടരുകയായിരുന്നു. അഞ്ച് സെന്‍റോളം ഭൂമി ഇവിടെ വേലികെട്ടി തിരിക്കുകയും ചെയ്‌തു. പഞ്ചായത്തില്‍ നിന്ന് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയും സ്റ്റോപ് മെമ്മോ നിലനില്‍ക്കുകയാണെന്ന് വില്ലേജ് ഓഫീസറും വ്യക്തമാക്കി.
നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന ഇത്തരം കയ്യേറ്റങ്ങള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ബുള്‍ബേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരളയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ട്രിബ്യൂണലിനും മുഖ്യമന്ത്രിക്കും റവന്യൂ, വനം മന്ത്രിമാര്‍ക്കും ജില്ലാ കലക്‌ടര്‍ക്കുമടക്കം രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മതചിഹ്നം ഉപയോഗിച്ച് സ്ഥലം കയ്യേറി നടത്തിയിരിക്കുന്ന നിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ വിമുഖത കാണിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.