ഇടുക്കി: നിരോധനാജ്ഞ നിലനിൽക്കുന്ന ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ഉടുമ്പൻചോല പ്രദേശങ്ങളിൽ പൊലീസ് ഡ്രോൺ പരിശോധന നടത്തി. തമിഴ്നാട്ടിലെ തേനി ജില്ലയിലും, അതിർത്തി പ്രദേശമായ ബോഡിനായ്ക്കന്നൂരിലും കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയിൽ ഈ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ശാന്തൻപാറ, ഉടുമ്പൻചോല എന്നിവിടങ്ങളിൽ ഡ്രോണ്‍ പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിലുള്ളവര്‍ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനായി നിരന്തരം ബന്ധപ്പെടുന്ന സ്ഥലമായ തേനി ജില്ലയിൽ 41 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുയും ഒരാൾ മരിക്കുകയും ചെയ്തു. രോഗബാധിതരിൽ 25 പേരും കേരള അതിർത്തിയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തുകളോട് ചേർന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂർ എന്ന പ്രദേശത്തുള്ളവരാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധന നടത്തിയത്.
ഇടുക്കിയിലെ അതിർത്തി പ്രദേശങ്ങളിൽ പൊലീസിന്‍റെ ഡ്രോൺ പരിശോധന - borders of idukki
ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ഉടുമ്പൻചോല പ്രദേശങ്ങളിലാണ് പരിശോധന നടന്നത്
ബോഡിനായ്ക്കന്നൂർ മുൻസിപ്പാലിറ്റിയിൽ രോഗം സ്ഥിരീകരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ രോഗബാധിതരിൽ 14 പേർ ഡൽഹി നിസാമുദീനിൽ തബ്‌ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തേനി ജില്ലയിൽ അതീവ ഗുരുതര സാഹചര്യം നിലനിൽക്കുന്നതിനാൽ അമ്മാകുളം, ടി. വി. കെ. കെ നഗർ, സുബ്ബരാജ് നഗർ, പുതൂർ, ജുമാ മസ്ജിദ് തെരുവ് എന്നീ അഞ്ച് പ്രദേശങ്ങൾ പൂർണ്ണമായി അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച ഇടുക്കി ജില്ലയിലെ എട്ട് അതിർത്തി പഞ്ചായത്തുകളിലെ 22 വാർഡുകളിൽ ഏപ്രിൽ 21 വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ വനപാതകളിലൂടെ ആളുകൾ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ്, ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി ശാന്തൻപാറയിലെ രാജാപ്പാറമെട്ട്, ചൗരംഗപ്പാറമെട്ട്, പേത്തൊട്ടി ഞണ്ടാർമെട്ട് എന്നിവിടങ്ങളിൽ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തുകയാണ്.