ഇടുക്കി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവില്‍ പാര്‍പ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്പയാർ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിൻ സന്തോഷ് (20), തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്യാലിൽ അലൻ മാത്യു (23), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19), ഇടുക്കി ചുരുളി ആൽപ്പാറ സ്വദേശി കറുകയിൽ ആരോമൽ ഷാജി (19), പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിൻ, ജസ്റ്റിന്‍റെ മകൻ സ്‌പിൻ വിൻ (19) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം.
കഴിഞ്ഞ 26ന് സ്‌കൂളില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം ജൂണ്‍ 28ന് പരാതി നല്‍കിയെന്നും തങ്കമണി പൊലീസ് പറഞ്ഞു. പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്‌ത തങ്കമണി പൊലീസ് ഉടൻ തന്നെ ജില്ല പൊലീസ് മേധാവി വി.യു കുര്യാക്കോസിനെയും കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോനെയും വിവരമറിയിച്ചു.
ഇരുവരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിന്‍റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ച ഈ സംഘത്തോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
തോപ്രാംകുടി സ്വദേശിയായ അലൻ മാത്യുവാണ് കട്ടപ്പനയില്‍ നിന്നും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് വന്ന് പള്ളുരുത്തിയിലെ യുവാക്കളുടെ അടുത്തേക്ക് എത്തിച്ചതെന്നും യുവാക്കള്‍ പെണ്‍കുട്ടിയെ ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിന്‍റെ വീട്ടിലെ ഇരുട്ട് മുറിയില്‍ പൂട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.