ഇടുക്കി: നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറയിലേക്ക് സഞ്ചാരികളുടെ പ്രവാഹം ആരംഭിച്ചതോടെ പ്രദേശത്ത് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു. വനപാലകരും സന്നദ്ധ സംഘടനകളും ചേർന്ന് അവ നീക്കം ചെയ്‌തു. ഇതോടെ പ്രദേശത്ത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവരുന്നതിന് വനപാലകർ നിരോധനമേർപ്പെടുത്തി. ശാന്തൻപാറ കള്ളിപ്പാറ മലനിരകളിലെ നീലക്കുറിഞ്ഞി വസന്തം ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്.
നിലവിൽ കള്ളിപ്പാറ മലനിരകളിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. നീലക്കുറിഞ്ഞി കാണാനെത്തുന്നവർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. കുറിഞ്ഞി മലയിലെത്തുന്നവർ ശുദ്ധജലവും ലഘുഭക്ഷണവും കൊണ്ടു വരുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞതോടെയാണ് കുറിഞ്ഞിമലയിൽ വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ടാഴ്‌ചകൂടി കള്ളിപ്പാറയിലെ കുറിഞ്ഞിവസന്തം കാണാൻ കഴിയും.