കേരളം

kerala

ETV Bharat / state

പീരുമേട് കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ വീണ്ടും നടപടി

കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി

peerumed

By

Published : Jun 26, 2019, 11:11 PM IST

Updated : Jun 27, 2019, 1:06 AM IST

ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ വീണ്ടും നടപടി. എഎസ്‌ഐ ഉൾപ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റി. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിന് പിന്നാലെയാണ് എഎസ്‌ഐ റോയ്, സിപിഒമാരായ ശ്യാംകുമാർ, സന്തോഷ് വർഗീസ് എന്നിവരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. കൂടാതെ കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

ഹരിത ഫിനാൻസ് വായ്‌പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വാഗമൺ കോലാഹലമേട് കസ്‌തൂരി ഭവനിൽ കുമാർ മരിച്ചത് പൊലീസ് മർദനത്തെ തുടർന്നാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് കൊച്ചി റേഞ്ച് ഐജി കാളിരാജ് മഹേഷ് കുമാർ നെടുങ്കണ്ടം സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ആറ് പേരെ സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു.

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പു തല അന്വേഷണം നടന്നു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനാണ് സാധ്യത. 15 ദിവസത്തിനകം അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് നൽകാനും ഡിജിപി നിർദേശം നൽകി.

Last Updated : Jun 27, 2019, 1:06 AM IST

ABOUT THE AUTHOR

...view details