കേരളം

kerala

ETV Bharat / state

പെട്ടിമുടിയിലേത് സമാനതകളില്ലാത്ത ദുരന്തം

ദുരന്തം സംഭവിച്ച് ഒരു രാത്രിയും പകലും പിന്നിടുമ്പോള്‍ കണ്ടെടുക്കാനായത് 17 പേരുടെ മൃതദേഹങ്ങള്‍ മാത്രം.

മൂന്നാര്‍.  രാജമല  പെട്ടിമുടി  PEATTIMUDI flood
പെട്ടിമുടിയിലേത് സമാനതകളില്ലാത്ത ദുരന്തം

By

Published : Aug 8, 2020, 1:28 AM IST

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ദുരന്തം സംഭവിച്ച് ഒരു രാത്രിയും പകലും പിന്നിടുമ്പോള്‍ കണ്ടെടുക്കാനായത് 17 പേരുടെ മൃതദേഹങ്ങള്‍ മാത്രം. പ്രതികൂലകാലാവസ്ഥയെ തുടർന്ന് ആദ്യദിവസത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.എന്‍ഡിആര്‍എഫിന്‍റെ സഹായത്തോടെ ശനിയാഴ്ച്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. നിനച്ചിരിക്കാതെ പെട്ടിമുടിക്ക് മേല്‍ വീണ ദുരന്തത്തിന്‍റെ വ്യാപ്തി തിട്ടപ്പെട്ടുത്തുവാന്‍ ദിവസങ്ങള്‍ വേണ്ടി വരും. പ്രദേശത്തെ നാല് ലയങ്ങളായി താമസിച്ചിരുന്ന 32ഓളം കുടുംബങ്ങളാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. വിവിധ കുടുംബങ്ങളിലായി 80തിനു മുകളില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ദുരന്ത ശേഷം നടന്നു വരുന്ന തിരച്ചിലില്‍ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേര്‍ ദുരന്തത്തെ അതിജീവിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട 9 പേരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലും 3 പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴിച്ച രാത്രി 11മണിയോടെയായിരുന്നു പെട്ടിമുടിക്ക് മേല്‍ ഉരുള്‍ വന്ന് വീണത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ഇവിടെ വൈദ്യുതി ബന്ധം തടസപെട്ട് കിടക്കുകയായിരുന്നു. ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് വലിയ രീതിയിലുള്ള പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. തൊട്ടുപിന്നാലെ താഴ് വാരത്തേക്ക് കുന്നിന്‍മുകളില്‍ നിന്നും ഉരുള്‍പൊട്ടി എത്തി. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെങ്കിലും ടോര്‍ച്ചിന്‍റെ അരണ്ടവെളിച്ചത്തില്‍ നാല് ലയങ്ങള്‍ കല്ലും മണ്ണും അപഹരിച്ചതായി സമീപവാസികള്‍ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വിവരം ആളുകള്‍ കമ്പനി അധികൃതരെ അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന് ഓടി കൂടിയ സമീപവാസികള്‍ ചേര്‍ന്ന് വിരലിലെണ്ണാവുന്ന ചിലരെ രക്ഷപ്പെടുത്തി. ലയങ്ങളുടെയോ ആളുകളുടെയോ യാതൊരുവിധ അടയാളവും പ്രദേശത്തെങ്ങും ഉണ്ടായിരുന്നില്ല.നേരം പുലര്‍ന്നതോടെ ദുരന്തവാര്‍ത്ത കേട്ടറിഞ്ഞ മൂന്നാറിലും സമീപമേഖലകളിലുമുള്ളവര്‍ പെട്ടിമുടിയിലേക്ക് തിരിച്ചു. പെരിയവരൈ പാലത്തില്‍ ഗതാഗതം നിലച്ചിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങളുടെ അപര്യാപ്തത ആശയവിനിമയത്തിന് തടസം സൃഷ്ടിച്ചു.

പെട്ടിമുടിയിലേത് സമാനതകളില്ലാത്ത ദുരന്തം
ദുരന്തത്തിന്‍റെ വ്യാപ്‌തി കൃത്യമായി പുറംലോകത്തെത്തുവാന്‍ ഒരു ദിവസം തന്നെ വേണ്ടി വന്നു.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത മുഖത്തേക്കെത്തിയ വാഹനങ്ങള്‍ പെരിയവരൈയില്‍ കുടുങ്ങിയതോടെ അടിയന്തിര ഇടപെടലിലൂടെ പുതിയ പാലം താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കി തുറന്നു നല്‍കി. ഉച്ചക്ക് ശേഷം രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂടി. ജനപ്രതിനിധികളും റവന്യു പൊലീസ് വനംവകുപ്പുദ്യോഗസ്ഥരും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിച്ച് തിരച്ചിലിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. പ്രതികൂല കാലവസ്ഥയെ അതിജീവിച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സമീപമേഖലകളില്‍ നിന്നെല്ലാം ആളുകള്‍ എത്തി. വലിയ പാറക്കല്ലുകളും വീടുകളുടെ ചില അവശിഷ്ടങ്ങളും മാത്രമായിരുന്നു മുകളില്‍ തെളിഞ്ഞ് നിന്നത്.തിരച്ചില്‍ പുരോഗമിക്കവെ മണ്ണിനടിയില്‍ നിന്നും ചേതനയറ്റ ശരീരങ്ങള്‍ കണ്ടെടുത്തുകൊണ്ടേയിരുന്നു. സമീപത്തു കൂടി ഒഴുകുന്ന പുഴയിലേക്ക് ആളുകള്‍ പതിച്ചിട്ടുണ്ടാകുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സമാനതകളില്ലാത്ത ദുരന്തമാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. ഉരുള്‍ കവര്‍ന്നവരുടെ മൃതശരീരങ്ങള്‍ക്കായി നാളെയും തിരച്ചില്‍ തുടരും.

ABOUT THE AUTHOR

...view details