ഇടുക്കി: ലോക്‌ഡൗൺ കാലത്തെ വിരസത ഒഴിവാക്കാൻ ദിവസവും പലവിധ മാർഗങ്ങൾ സ്വീകരിക്കുകയാണ് മലയാളികൾ. എന്നാല്‍ ആത്മബന്ധം ഊട്ടിയുറപ്പിച്ച് ലോക്‌ഡൗൺ ജീവിതത്തില്‍ സുഹൃത്ത് ബന്ധങ്ങൾ പൊടി തട്ടിയെടുക്കുകയാണ് ചിത്രകാരനും തൊഴില്‍ പരിശീലകനുമായ രാജീവ് ചെല്ലാനം. ദിവസവും ഓര്‍മ്മയില്‍ തെളിയുന്ന സുഹൃത്തുകളുടെ ചിത്രം സംഘടിപ്പിച്ച് ക്യാന്‍വാസില്‍ ജീവസുറ്റതായി വരച്ചെടുത്താണ് രാജീവ് മാഷ് ലോക്‌ഡൗൺ കാലത്ത് വ്യത്യസ്തനാകുന്നത്. ഇതിനോടകം നൂറിലധികം സുഹൃത്തുക്കളുടെ ചിത്രം രാജീവ് ചെല്ലാനം വരച്ചു കഴിഞ്ഞു.
എറണാകുളം ചെല്ലാനം സ്വദേശിയാണെങ്കിലും നാളുകളേറെയായി അടിമാലി തോക്കുപാറയിലാണ് രാജീവിന്‍റെ താമസം. തോക്കുപാറയിലെ വീട്ടിലിരുന്ന് ഓര്‍മ്മയില്‍ തെളിയുന്ന സുഹൃത്തുക്കളുടെ ചിത്രം ഫേസ്ബുക്ക്, വാട്‌സാപ്പ് പ്രൊഫയിലുകളില്‍ നിന്നും തപ്പിയെടുത്താണ് രാജീവ് ജീവസുറ്റ ചിത്രങ്ങളാക്കി തീര്‍ക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ലോക്‌ഡൗണ്‍ കാലത്ത് മങ്ങലേറ്റ സുഹൃത്ത് ബന്ധങ്ങള്‍ പൊടി തട്ടിയെടുക്കാന്‍ കഴിഞ്ഞുവെന്ന് രാജീവ് ചെല്ലാനം പറഞ്ഞു.