ഇടുക്കി:ദേവികുളം താലൂക്കിലെ പ്രധാന പാടശേഖരങ്ങളില്‍ ഒന്നായ ആനവിരട്ടി പാടശേഖരത്ത് കൃഷിയിറക്കാന്‍ കഴിയാതെ നെല്‍കര്‍ഷകര്‍. താലൂക്കിലെ ഏറ്റവും വലിയ പാടശേഖരങ്ങളില്‍ ഒന്നായിരുന്നിട്ടും 2018ലെ പ്രളയത്തിന് ശേഷം പാടത്ത് കൃത്യമായി കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ല. പ്രളയത്തില്‍ പാടത്തിനോട് ചേര്‍ന്നുള്ള കൈത്തോട്ടില്‍ നിന്നും മടവീഴ്ച്ച ഉണ്ടാവുകയും പാടത്താകെ കല്ലും മണ്ണും നിറയുകയും ചെയ്തിരുന്നു. പിന്നീട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്‌തെങ്കിലും ചെറിയ മഴ പെയ്താല്‍ പോലും കൈത്തോട്ടില്‍ നിന്നും പാടത്തേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്.
സംരക്ഷണഭിത്തിയില്ല; കൃഷിയിറക്കാന്‍ കഴിയാതെ നെല്‍കര്‍ഷകര്‍
പ്രളയത്തിന് ശേഷം ചെറിയ മഴ പെയ്താല്‍ പോലും ആനവിരട്ടി പാടശേഖരത്തേക്ക് കൈത്തോട്ടില്‍ നിന്നും വെള്ളം കയറും
പ്രളയാനന്തരം ഒരു കൃഷി പോലും ഇറക്കാന്‍ സാധിച്ചിട്ടില്ലെന്നും പാടത്തിന് സമീപം സംരക്ഷണ ഭിത്തി തീര്‍ത്താല്‍ മാത്രമെ പ്രശ്‌നത്തിന് പരിഹാരമാകുകയുള്ളുവെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിയിറക്കാനാവാതെ വന്നതോടെ കര്‍ഷകര്‍ പലരും പാടത്ത് ഇതര കൃഷികള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സംരക്ഷണ ഭിത്തി നിര്‍മാണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും നിര്‍മാണ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പഞ്ചായത്തിന്‍റെയും കൃഷിവകുപ്പിന്‍റെയും ജലസേചന വകുപ്പിന്‍റെയും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആനവിരട്ടി പാടശേഖരം താമസിയാതെ വിസ്മൃതിയിലാകും.