നെടുങ്കണ്ടം കൃഷി ഭവനിലെ നിയമനം ഇടുക്കി : നെടുങ്കണ്ടം കൃഷി ഭവനില്‍ (Nedumkandam Krishi Bhawan) നിയമിച്ചത് നാല് മാസം മുൻപ് മരണപ്പെട്ട ഉദ്യോഗസ്ഥനെ (Officer Who Died Appointed). സിപിഐ പ്രതിനിധിയായ പഞ്ചായത്തംഗവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് മാസങ്ങൾക്ക് മുൻപ് കൃഷി ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. പകരം നിയമിച്ച ഉദ്യോഗസ്ഥന്‍ മരിച്ചിട്ട് 4 മാസം കഴിയുകയും ചെയ്തു. ഇതോടെ കൃഷി വകുപ്പിന്‍റെ സ്ഥലംമാറ്റപ്പട്ടിക വിവാദത്തിലായി.
നെടുങ്കണ്ടം കൃഷിഭവൻ ഓഫിസറില്ലാതെ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കൃഷി ഓഫിസർമാരുടെ കരട് സ്ഥലംമാറ്റപ്പട്ടികയിലാണ് മരിച്ച ഉദ്യോഗസ്ഥന്‍റെ പേര് വന്നത്. നെടുങ്കണ്ടം കൃഷിഭവനിലേക്ക് ഇദ്ദേഹത്തെ നിയമിച്ചതായാണു പട്ടികയിലുള്ളത്.
സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന് പകരം നിയമനമാകാത്തതിനാൽ മാസങ്ങളായി സമീപ പഞ്ചായത്തിലെ കൃഷി ഓഫിസർമാർക്ക് അധിക ചുമതല നൽകിയാണ് കൃഷിഭവൻ പ്രവർത്തിച്ചത്. ഇതിനിടെ വന്ന ഒരു ഓഫിസർ നീണ്ട അവധിയിലും പോയി. ഇപ്പോൾ പുറത്തിറങ്ങിയ കരടുപട്ടികയിലാണ് നാലു മാസം മുൻപ് കാൻസർ ബാധിച്ചു മരിച്ച ഉദ്യോഗസ്ഥന്‍റെ പേരു ഇടംപിടിച്ചത്.
ഔദ്യോഗിക സോഫ്‌റ്റ്‌വെയറായ സ്‌പാർക്ക് സംവിധാനത്തിലുണ്ടായ പിഴവാകൊണ്ട് സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ അടക്കം കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട ഓഫിസിലാണ് ഇത്തരത്തിലുള്ള വീഴ്‌ച ഉണ്ടായതെന്ന് പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു.
ഉടൻ തന്നെ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും കൃഷി വകുപ്പ് അറിയിച്ചു.