ഇടുക്കി: നോക്കുകൂലി തർക്കത്തെ തുടർന്ന് ഒരു മാസമായി ഇറക്കാതിരുന്ന ലോഡ് കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഇറക്കി. കുമളി സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമ്മാണത്തിനായി എത്തിച്ച കോട്ട സ്റ്റോൺ ഇറക്കുന്നതിലാണ് തര്‍ക്കമുണ്ടായത്.
നോക്കുകൂലിയില്‍ പൊലീസ് നോക്കുകുത്തിയായി; കോടതി ഇടപെട്ട് ലോഡിറക്കി
പൊലീസ് സംരക്ഷണത്തിലാണ് ലോഡ് ഇറക്കിയത്. കൃത്യവിലോപം കാണിച്ച പൊലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. തിങ്കളാഴ്ച്ച കുമളി സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശം.
ഡിസംബർ ഏഴിനായിരുന്നു സംഭവം. അന്ന് ഗ്രാനൈറ്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ലോഡ് ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളികൾ ലോഡ് ഇറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ തര്‍ക്കമുണ്ടാവുകയും സ്‌കൂള്‍ അധികൃതര്‍ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതോടെ സ്‌കൂള്‍ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണത്തിൽ ലോഡ് ഇറക്കാൻ കോടതി ഉത്തരവിട്ടെങ്കിലും, വീണ്ടും ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ സമ്മതിച്ചില്ല. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ ജില്ലാ പൊലീസ് മേധാവിക്കും, കുമളി സി.ഐ. യ്ക്കുമെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്രമ സമാധാന പ്രശ്നമുണ്ടാകും എന്നതിനാലാണ് ഉത്തരവ് പാലിക്കാതെയിരുന്നതെന്ന് സി.ഐ കോടതിയിൽ ബോധിപ്പിച്ചു.