ഇടുക്കി:നിപയുടെ ഉത്ഭവം ഇടുക്കിയിൽ നിന്നാണെന്ന് കരുതുന്നില്ലെന്ന് ഇടുക്കി ഡിഎംഒ ഡോ. എൻ പ്രിയ പറഞ്ഞു. വിദ്യാർഥിക്ക് നിപ ബാധിച്ച സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് കുട്ടികൾ താമസിച്ച വാടക വീട്ടിലും പരിസരത്തും പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി. കുട്ടികൾ വാടകയ്ക്ക് താമസിച്ച സ്ഥലത്ത് വെറ്റിനറി വിഭാഗം പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു. വിദ്യാർഥിയുടെ കൂടെയുണ്ടായിരുന്ന കുട്ടി നിരീക്ഷണത്തിലാണെന്ന വിവരം ലഭിച്ചിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.
നിപയുടെ ഉത്ഭവം ഇടുക്കിയല്ലെന്ന് ഡിഎംഒ - വീട്
"കുട്ടികള്‍ 16ന് ഇടുക്കി വിട്ടു. 20നാണ് പനി വന്നത്. ഇതിനിടയിലെ നാല് ദിവസം ഇവര്‍ എവിടെയായിരുന്നുവെന്ന് കണ്ടെത്തണം. അപ്പോഴേ പനിയുടെ ഉറവിടം കണ്ടെത്താനാവൂ"
കുട്ടികൾ പരീക്ഷകൾ കഴിഞ്ഞ് ജില്ലയിൽ നിന്ന് മെയ് 16ന് പോയി. പനി തുടങ്ങിയത് 20ാം തിയതിയാണ്. 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വിദ്യാർഥി എവിടെയായിരുന്നു എന്നറിയാൻ സാധിച്ചാലേ നിപയുടെ ഉത്ഭവം കണ്ടെത്താൻ സാധിക്കുകയുള്ളു. വിദ്യാർഥിയുടെ കൂടെ ഉണ്ടായിരുന്ന കുട്ടികളെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
ജില്ലയിലെ എല്ലാ സ്വകാര്യ -സർക്കാർ ആശുപത്രികളിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിച്ചു വരികയാണ്. പ്രധാനപ്പെട്ട ആശുപത്രികളിൽ നിപ പ്രതിരോധത്തിനായി എൻ 95 മാസ്ക്, ട്രിപ്പിൾ ലെയർ മാസ്ക്ക് ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.