ഇടുക്കി:ഒക്ടോബർ 24 വരെ ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചതായി കലക്ടർ ഷീബ ജോർജ് അറിയിച്ചു. അടിയന്തരമായി ചേർന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ റവന്യം വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി.
Also Read:ആലപ്പുഴയിൽ കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക് ; ജില്ലയിൽ അതീവ ജാഗ്രത
ജില്ലയിൽ 24 വരെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം -കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.
ദേവികുളം ഗ്യാപ് റോഡ് സ്ഥിതികൾ വിലയിരുത്തി മാത്രം തുറക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധപൂർവം ക്യാമ്പുകളിലേക്ക് മാറ്റാൻ കലക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്ക് ഹാജരായിരിക്കണം.
മെഡിക്കൽ ലീവ് ഒഴികെ അനുവദിക്കില്ലെന്നും കലക്ടർ വ്യക്തമാക്കി. ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാന്തല്‍ യന്ത്രങ്ങൾ തയാറാക്കി നിർത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം.