ഇടുക്കി : ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയിലും പരമ്പരാഗത ആചാരങ്ങളും പതിവുരീതികളുമായി പുതുവത്സരത്തെ വരവേറ്റ് തോട്ടം മേഖല. പൂക്കളും നാരങ്ങയും പരസ്‌പരം കൈമാറി പുതുവത്സരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്നാര്‍ നിവാസികള്‍. എന്നാല്‍ പൂക്കളുടെ വില വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യാപാരം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
തമിഴ്, മലയാളം സംസ്‌കാരം ഇടകലര്‍ന്ന മൂന്നാറിലെ പുതുവത്സരാഘോഷം ബഹുവര്‍ണ നിറങ്ങളുടേതാണ്. പൂജയ്ക്കും വീട്ടില്‍ അലങ്കരിക്കുന്നതിനുമായി എല്ലാ വര്‍ഷവും തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നതുപോലെ ഇത്തവണയും നിരവധി പൂ വ്യാപാരികളാണ് എത്തിയിട്ടുള്ളത്. മധുര, നിലക്കല്‍, പുതുക്കോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ പൂ വ്യാപാരികളുടെ കൂടയില്‍ നിറഞ്ഞ വര്‍ണ പുഷ്‌പങ്ങള്‍ മൂന്നാറിലെ റോഡുകളുടെ വശത്ത് മനോഹരമായ നിറങ്ങളുടെ കാഴ്‌ചയാണൊരുക്കുന്നത്.
കൈവിടാതെ മൂന്നാറിൽ പുതുവത്സരാഘോഷങ്ങൾ; ചുട്ടുപൊള്ളി പൂ വില Also Read: പഴുത്ത് പാകമായി മധുരമുന്തിരിക്കുലകള്‍ ; വിളവെടുപ്പുകാലം ആഘോഷമാക്കി സഞ്ചാരികളുടെ തിരക്ക്
അടുത്തയിടെ തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തില്‍ പൂ വ്യവസായത്തിന് കനത്ത തിരിച്ചടിയേറ്റെങ്കിലും ആവശ്യക്കാര്‍ നിരവധിയുള്ളതുകാരണമാണ് തമിഴ്‌നാട്ടില്‍ നിന്നും വ്യാപാരികള്‍ എത്തിയിട്ടുള്ളത്. ഉത്സവകാലമായതിനാല്‍ ക്ഷേത്രങ്ങളും പൂജകള്‍ക്കും പൂക്കള്‍ ധാരാളം ഉപയോഗിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂക്കളുടെ വില പതിന്മടങ്ങ് വര്‍ധിച്ചതോടെ വ്യാപാരം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
പുതുവത്സര കൈനീട്ടത്തിനായി നാരങ്ങ കൈമാറുന്ന പതിവുള്ളതിനാല്‍ മൂന്നാറില്‍ ഇതിന്‍റെ വ്യാപാരവും പൊടിപൊടിക്കുകയാണ്. തമിഴ് സംസ്‌കാരത്തില്‍ ഐശ്വര്യത്തിന്‍റെ പ്രതീകമായും തടസങ്ങള്‍ അകറ്റാനുള്ള കഴിവുണ്ടെന്നും നാരങ്ങയെ കരുതിവരാറുണ്ട്.
അതുകൊണ്ടുതന്നെ പുതുവത്സരപ്പുലരിയില്‍ എല്ലാം നാരങ്ങ കൈമാറുന്നത് പതിവാണ്. വെറുതെ കൈമാറിയാല്‍ മാത്രം പോര. നാരങ്ങ നല്‍കുമ്പോള്‍ അതിന് പകരമായി ചില്ലറത്തുട്ടുകളോ രൂപ നോട്ടുകളോ തിരികെ നല്‍കുകയും വേണം. പൂക്കളും നാരങ്ങയും മൂന്നാറില്‍ നിറക്കാഴ്‌ചകള്‍ ഒരുക്കുമ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളും പുതുവത്സര ലഹരിയിലാണ്.