ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ എഎസ്ഐ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാംപ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിനായി നെടുങ്കണ്ടം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന പൊലീസുകാരുടെ എണ്ണം നാലായി.
നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പ്രതികളെ തെളിവെടുപ്പിനായി നെടുങ്കണ്ടം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കോട്ടയം ക്രൈംബ്രാഞ്ച് എസ് പി എ എം സാബു മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയാസിനെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം കേസിൽ ഒന്നാം പ്രതിയായ എസ് ഐ കെ എ സാബു, സി പി ഒ സജീവ് ആന്‍റണി എന്നിവർ അറസ്റ്റിലായിരുന്നു. ഇരുവരും ഇപ്പോഴും റിമാന്‍റിലാണ്. രാജ് കുമാറിനെ എ എസ് ഐയും, ഡ്രൈവർ നിയാസും ക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. പ്രതികളെ ഇന്ന് രാവിലെ 11 മണിക്ക് പീരുമേട് കോടതിയിൽ ഹാജരാക്കും. രാജ് കുമാറിന്‍റെ വീട് ഇന്ന് ന്യൂനപക്ഷ കമ്മിഷൻ സന്ദർശിക്കും.