ഇടുക്കി: മൂന്നാർ കുണ്ടള പുതുകടിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷ് ആണ് മരിച്ചത്. ഇന്നലെ (12.11.22) ഉച്ചയ്ക്കു ശേഷം കോഴിക്കോടു നിന്നെത്തിയ വിനോദ സഞ്ചാര സംഘം ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങവെയാണ് അപകടമുണ്ടായത്.
മണ്ണിടിച്ചില്‍ പുതുക്കുടിക്ക് സമീപം: മണ്ണിടിച്ചിലുണ്ടായ ഉടൻ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന്‍റെ ഡ്രൈവറും രൂപേഷും ഒഴികെ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും വാഹനത്തില്‍ നിന്നും ഇറങ്ങി മാറി. വാഹനം മുമ്പോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുകളില്‍ നിന്നും കൂടുതല്‍ ചെളിയും മണ്ണും ഇടിഞ്ഞെത്തി. ഈ സമയം ഡ്രൈവറും വാഹനത്തില്‍ നിന്നും ഇറങ്ങി മാറി.
മുകളില്‍ നിന്നും കൂടുതല്‍ മണ്ണും ചെളിയും ഒഴുകിയെത്തിയതോടെ വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഉള്‍പ്പെടെ വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചാണ് അപകടം. കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷ പ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. ഇന്നലെ വൈകിട്ട് നടത്തിയ തെരച്ചിലിൽ റോഡിൽ നിന്നും 800 മീറ്ററോളം മാറി, പൂർണ്ണമായും തകർന്ന നിലയിൽ വാഹനം കണ്ടെത്തി. എന്നാൽ, രൂപേഷിനെ കണ്ടെത്താനായില്ല.