ഇടുക്കി :തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.15 അടിയിലേക്ക് എത്തി. ഇന്നലെ രാവിലെ 139.55 അടിയായിരുന്ന ജലനിരപ്പ് വൈകിട്ടോടെ 140 അടിയിലേക്ക് എത്തിയിരുന്നു. ഇതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നിലവിലെ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ജലനിരപ്പ് 142 അടിയിലേക്ക് എത്തും. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിൽ എത്തുമ്പോൾ രണ്ടാമത്തെയും 142 അടിയിൽ എത്തുമ്പോൾ മൂന്നാമത്തെയും ജാഗ്രതാനിർദേശം പുറപ്പെടുവിക്കും. മൂന്നാമത്തെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞാൽ ഏത് സമയത്തും സ്‌പിൽവേ ഷട്ടറുകൾ ഉയർത്തി ജലം ഇടുക്കിയിലേക്ക് തുറന്നുവിടാം.