ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്‌പിൽവേ ഷട്ടറുകൾ അധിക അളവിൽ ഉയർത്തി പെരിയാർ നദിയിലേക്കുള്ള ജലമൊഴുക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും തീരദേശ മേഖലകളിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ. വണ്ടിപ്പെരിയാർ വള്ളക്കടവ് തീരദേശ മേഖലകളിലാണ് വെള്ളം കയറുമെന്ന സംശയമുള്ളത്. കഴിഞ്ഞ ഒരാഴ്‌ചയായി പെയ്‌ത് വരുന്ന ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് നിലനിർത്തുന്നതിനാണ് അധിക ജലം പെരിയാർ നദിയിലൂടെ ഒഴുക്കി വിടുന്നത്.
വെള്ളം കയറിയ സ്ഥലം സന്ദർശിച്ച് എംഎൽഎ: 10 ഷട്ടറുകളും 30 സെന്‍റീമീറ്റർ ആണ് ആദ്യം ഉയർത്തിയിരുന്നത്. എന്നാൽ തിങ്കളാഴ്‌ച(08.08.2022) രാവിലെ 10 മണി മുതൽ എല്ലാ ഷട്ടറുകളും 60 സെന്‍റീമീറ്റർ ഉയർത്തി 4957.00 ക്യൂസെക്‌സ് ജലം പുറത്തു വിടുകയാണ്. പെരിയാർ നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലങ്ങൾ വാഴൂർ സോമൻ എംഎൽഎ സന്ദർശിച്ചു. കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തീരദേശവാസികളെ മാറ്റുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് വാഴൂർ സോമൻ എംഎൽഎ അറിയിച്ചു.