ഇടുക്കി:മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പത്ത് ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇതോടെ സ്‌പില്‍വേ വഴി 1876 ഘന അടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 137.70 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. എന്നാല്‍ പെരിയാറിലേക്കുള്ള നീരൊഴുക്കിലും വര്‍ധനയുണ്ട്.
നിലവില്‍ നദിയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാള്‍ 80 സെന്‍റി മീറ്ററോളം താഴെയാണ്. മുന്നറിയിപ്പ് ലെവലിനേക്കാള്‍ ഒരു മീറ്റര്‍ കൂടി വര്‍ധിച്ചെങ്കില്‍ മാത്രമെ, ജലനിരപ്പ് അപകട മുന്നറിയിപ്പിലേക്ക് എത്തുകയുള്ളൂ. ഇക്കാരണത്താല്‍ നിലവില്‍ തീരദേശവാസികളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമില്ല. എങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഭരണ കൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വൃഷ്ടി പ്രദേശത്ത് മഴ, നീരൊഴുക്കിലും വര്‍ധന: 6791 ഘന അടിവെള്ളമാണ് അണകെട്ടിലേക്ക് ഒഴുകി എത്തുന്നത് ഒഴുക്കുന്നത്. ഇതില്‍ ടണല്‍ മാര്‍ഗം 2166 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വൈഗാ ഡാമിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ, നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാടിന് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.