ഇടുക്കി: പുരാവസ്‌തുക്കളുടെ വില്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്‍റെ ക്രമക്കേടുകളുടെ തുടക്കം ഇടുക്കി ഹൈറേഞ്ചിൽ നിന്നും. 1995 കാലഘട്ടത്തിൽ മോന്‍സന്‍റെ ഭാര്യയ്ക്ക് രാജകുമാരിയിലെ മാനേജ്‌മെന്‍റ് സ്‌കൂളിലേക്ക് സ്ഥലമാറ്റം കിട്ടിയതോടെയാണ് മോൻസൺ ഇടുക്കി രാജകുമാരിയിൽ എത്തുന്നത്. രാജകുമാരി ടൗണിനോട് ചേർന്ന് വികാസ് ഗാർഡൻ കോളനിയിൽ സ്ഥലം വാങ്ങി വീട് നിർമിക്കുകയും ചെയ്‌തു. തുടർന്ന് രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപത്തായി സർവേ സ്‌കൂൾ ആരംഭിച്ചു.
മാരുതിയുടെ പേരിലും തട്ടിപ്പ്
ഈ കാലയളവിലാണ് എറണാകുളം മേഖലയിൽ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുന്നത്. തുടർന്ന് ഹൈറേഞ്ചിൽ ടെലിവിഷനുകൾ വളരെ വിരളമായിരുന്നതിനെ തുടർന്ന് എറണാകുളത്ത് നിന്നും പഴയ ടെലിവിഷനുകൾ എത്തിച്ച് വിൽപ്പന ആരംഭിച്ചു. ടെലിവിഷനുകൾ എത്തിച്ചുനൽകാം എന്ന പേരിൽ പലരിൽ നിന്നും പണം തട്ടിയെടുത്തു. പഴയ ടെലിവിഷനുകൾ എത്തിച്ചു നൽകി തട്ടിപ്പ് നടത്തി. തുടർന്ന് വാഹന വില്പന രംഗത്തേക്ക് ചുവട് മാറ്റി.
ഹൈറേഞ്ചിലെ സമ്പന്ന കുടുംബങ്ങളുമായും പൊതുപ്രവർത്തകരുമായും ബന്ധങ്ങൾ സഥാപിക്കുകയും ചെയ്‌തു. മാരുതി 800 നിരത്ത് അടക്കിവാണിരുന്ന കാലമായതിനാൽ കുറഞ്ഞ വിലയിൽ എറണാകുളത്ത് നിന്നും കാർ എത്തിച്ചു നൽകാം എന്ന പേരിൽ പണം തട്ടിയെടുത്തു. അൻപതിനായിരം മുതൽ രണ്ടരലക്ഷം രൂപ വരെ പലരിൽ നിന്നും വാങ്ങി.