ഇടുക്കി:മൂന്നാറിലെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി പരാതി. ഓണ്‍ലൈന്‍ മുഖേന പണമടച്ചാല്‍ വീട്ടിലെത്തി 50,000 രൂപ വായ്‌പ തരാമെന്ന വിധത്തില്‍ തമിഴ്‌നാട് സ്വദേശികളായ ആളുകള്‍ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും പണമിടപാട് നടത്താമെന്ന് അവകാശമുന്നയിക്കുന്ന സ്ഥാപനത്തിന്‍റെ ആധികാരികത ഉറപ്പുവരുത്തണമെന്നുമാണ് പരാതിക്കാരായ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
മൂന്നാറില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി പരാതി - munnar fraud cases
ഓണ്‍ലൈന്‍ മുഖേന പണമടച്ചാല്‍ വീട്ടിലെത്തി 50,000 രൂപ വായ്‌പ തരാമെന്ന വിധത്തില്‍ തമിഴ്‌നാട് സ്വദേശികളായ ആളുകള്‍ പ്രചാരണം നടത്തുന്നുവെന്നും ഇത് തങ്ങളെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമമാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
മൂന്നാറിലെ ഗ്രഹാംസ്ലാന്‍റ് ഉള്‍പ്പെടെയുള്ള ചില ലയങ്ങളിലാണ് സംഘങ്ങള്‍ രൂപീകരിച്ച് തമിഴ്‌നാട് സ്വദേശികളായ ആളുകള്‍ പ്രചാരണം നടത്തുന്നത്. താല്‍പര്യമുള്ളവര്‍ പത്ത് പേരടങ്ങുന്ന ചെറു സംഘങ്ങള്‍ രൂപീകരിച്ച് ഓരോ അംഗവും 720 രൂപ വീതം 7200 രൂപ ഓണ്‍ലൈനായി നിക്ഷേപിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ ആവശ്യപ്പെടുന്നു. 7200 രൂപ നിക്ഷേപിച്ച് കഴിഞ്ഞാല്‍ ഓരോ അംഗങ്ങള്‍ക്കും 50000 രൂപ വായ്പയായി നല്‍കാമെന്നും തവണകളായി തുക തിരിച്ചടച്ചാല്‍ മതിയെന്നും ഇടപാടുകാർ പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവരുടെ സ്ഥാപനത്തിന്‍റെ ആധികാരികത ഉറപ്പുവരുത്തണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം. പ്രചാരണങ്ങളില്‍ വിശ്വസിച്ച് ചിലര്‍ ഇതിനോടകം പണം നിക്ഷേപിച്ചതായും സൂചനയുണ്ട്.