കേരളം

kerala

ETV Bharat / state

രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍; മറുപടിയുമായി എം.എം.മണി

വാഹനം ഓടിയതിന്‍റെയും ടയറിന്‍റെ ആയുസും വിശദമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പോസ്റ്റ്.

എം.എം.മണി

By

Published : Oct 30, 2019, 3:40 PM IST

ഇടുക്കി: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്‍റെ ഔദ്യോഗിക വാഹനത്തിന് മാറ്റിയിട്ടത് 34 ടയറുകളെന്ന വാര്‍ത്ത വിവാദമായതോടെ മന്ത്രി തന്നെ മറുപടിയുമായി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.

മന്ത്രിയുടെ ഔദ്യോഗിക വാഹനമായ കെഎല്‍ 01 സിബി 8340 എന്ന ഇന്നോവ ക്രിസ്റ്റ കാറിന് ഒരു മാസം ഒരു ടയര്‍ എന്ന കണക്കിന് മാറ്റിയെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം വാഹനം ഓടിയതിന്‍റെയും ടയറിന്‍റെ ആയുസും വിശദമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പോസ്റ്റ്.

വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളന്‍മാര്‍ ട്രോളട്ടെ ... തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത് എന്ന ആമുഖത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്‍റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കിലോമീറ്റര്‍ മാത്രമാണ്. ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കിലോമീറ്ററാണ്. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡുകളാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്‍റെയൊക്കെ ഫലമായി ടയറിന്‍റെ ആയുസ് കുറയും. എന്നിട്ടും 14,597 കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഔദ്യോഗിക വാഹനത്തിന്‍റെ ടയര്‍ മാറ്റുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രക്കിടെ ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ വ്യക്തമാകുന്നതിന് രസകരമായൊരു ചിത്രത്തോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


ഫെയ്‌സബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം...

തെറ്റിധരിപ്പിക്കുന്നവര്‍ക്ക് വേണ്ടിയല്ല.... തെറ്റിധരിച്ചവര്‍ക്ക് വേണ്ടി മാത്രം

വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളന്‍മാര്‍ ട്രോളട്ടെ ... തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB - 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.
ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത് . അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

ABOUT THE AUTHOR

...view details