ഇടുക്കി: അധികൃതരുടെ കനിവും കാത്ത് ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കാട്ടാനയെ പേടിച്ച് ദുരിത ജീവിതം നയിക്കുകയാണ് ആദിവാസി കുടുംബം. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഇല്ല. സൗജന്യമായി ലഭിക്കുന്ന റേഷൻ അരി മാത്രമാണ് ഏകയാശ്രയം. ഇടുക്കി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് ഒരു പതിറ്റാണ്ടായി കുടില്‍കെട്ടി കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടര്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
മലയരയ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഓമനയും പ്രായമായ മാതാപിതാക്കളും കഴിഞ്ഞ പത്ത് വര്‍ഷമായി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് കുടില്‍ കെട്ടിയാണ് താമസിയ്ക്കുന്നത്. തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് തുള വീണു. തോരാതെ പെയ്യുന്ന മഴ കുടിലിനകത്താണ് വീഴുന്നത്.
കാട്ടാനയെ പേടിച്ച് രാത്രികളില്‍ ഉറക്കമില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് തീ കത്തിച്ച് നല്‍കി ഓമനയും കൂടെ ഇരിയ്ക്കും. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം കൂലിപ്പണിയ്‌ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഓമനയ്ക്ക് കാലിന് പരിക്ക് പറ്റിയതോടെ മുഴുപട്ടിണിയുടെ നടുവിലാണിവര്‍.