ഇടുക്കി: കാത്തിരിപ്പിനൊടുവിൽ കട്ടപ്പനയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. ഐടിഐ ജങ്‌ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ സിവിൽ സ്റ്റേഷന്‍റെ ഉദ്‌ഘാടനം നാളെ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.
കട്ടപ്പനയിൽ മിനി സിവിൽ സ്റ്റേഷൻ ഉദ്‌ഘാടനം നാളെ ആദ്യ ഘട്ടത്തിൽ കട്ടപ്പന വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ് എന്നിവയാണ് പ്രവർത്തനമാരംഭിക്കുന്നത്. നഗരസഭ സൗജന്യമായി വിട്ട് നൽകിയ ഭൂമിയിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മിനി സിവിൽസ്റ്റേഷന് അനുമതി ലഭിച്ചത്. അഞ്ച് കോടി രൂപ മുടക്കി നിർമിച്ച സിവിൽ സ്റ്റേഷൻ നിർമ്മാണഘട്ടത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് സിവിൽ സ്റ്റേഷൻ നാടിന് സമർപ്പിക്കുന്നത്. നാളെ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കും.