ഇടുക്കി:ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റിൽ യോഗം ചേരും. ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ജില്ല കലക്‌ടര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ആക്രമണകാരികളായ ആനകളെ പിടിച്ച് മാറ്റുന്നതടക്കം ചര്‍ച്ചയാകും.
ഇടുക്കി പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വന്യജീവി ശല്യത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു വന്നത്. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രണ്ട് തവണ ദേശീയപാത ഉപരോധിച്ചു. ആക്രമണകാരികളായ കാട്ടാനകളെ പ്രദേശത്ത് നിന്ന് നീക്കണമെന്നും ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം താത്‌കാലികമായി അവസാനിപ്പിച്ചത്.