ഇടുക്കി: ശുദ്ധമായ പ്രാണവായു ശ്വസിച്ച് മേഘങ്ങളെ തൊടാൻ കൊതിക്കുന്നവർക്ക് മലമുകളിൽ ഒരു വന്യമായ കൂടാരം ഒരുക്കി കാത്തിരിക്കുകയാണ് ഇടുക്കി ജില്ലയിലെ വെണ്മണിയിലെ മീനുളിയാൻ പാറ. കഞ്ഞിക്കുഴി വണ്ണപ്പുറം പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മീനുളിയാൻ പാറ സഞ്ചാരികളുടെ മനസിനെ കുളിർമയണിക്കുമെന്നതിൽ സംശയമില്ല. സമുദ്രനിരപ്പിൽ നിന്നും 891 അടി ഉയരത്തിലുള്ള ഈ മലമുകളിൽ എത്തിച്ചേർന്നാൽ പ്രകൃതി വിസ്‌മയത്തിന്‍റെ കാഴ്‌ചവട്ടങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.
ആലപ്പുഴ മധുര ദേശീപാതയിലൂടെ സഞ്ചരിച്ചാൽ വെണ്മണിയിൽ എത്തിച്ചേരുവാൻ സാധിക്കും. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ കാൽനടയായി കാനനപാതയിലൂടെ സഞ്ചരിച്ചാൽ മലമുകളിൽ എത്തിച്ചേരാം. മേഘങ്ങൾ തൊട്ട് തലോടുന്ന മലനിരകളും സദാസമയം വീശിയടിക്കുന്ന കാറ്റും നനുത്ത മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ചെടികളും കാട്ടുപൂക്കളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്. വർഷം മുഴുവനുമുള്ള ടൂറിസം സാധ്യതകളാണ് മീനുളിയാൻ പാറയെ സമ്പന്നമാക്കുന്നത്. മലമുകളിലെ രണ്ട് ഏക്കറോളം വരുന്ന വനമേഖല ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.