ഇടുക്കി: മലമുകളിലെ കാടിന് നടുവിലൂടെ ഒരു യാത്ര, അതും തണുത്ത കാറ്റേറ്റ്. മീനുളിയാൻപാറ എന്നാണ് ദൃശ്യഭംഗിയും സാഹസികതയും നിറഞ്ഞ ഈ സ്ഥലത്തിന്‍റെ പേര്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്ത് വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് മനോഹരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി നിറഞ്ഞ ഈ പ്രദേശം ഇതിനോടകം തന്നെ സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധ നേടി കഴിഞ്ഞു. മലമുകളിലെ വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്.
ഏകദേശം രണ്ടേക്കറോളം വരും മലമുകളിലെ ഹരിതാഭ നിറഞ്ഞ ഈ വനത്തിന്‍റെ വിസ്‌തൃതി. പാറയുടെ മുകളിൽ നിന്നാൽ മൂന്നാർ മേഖല, അടിമാലി, മലയാറ്റൂർ പള്ളി എന്നീ പ്രദേശങ്ങളും കാണാൻ സാധിക്കും. മലയുടെ താഴെയായി ലോവർപെരിയാർ പവർഹൗസ് പദ്ധതിയുടെ ടണലും കടന്നു പോകുന്നുണ്ട്.