അന്ത്യ അത്താഴ സ്‌മരണയില്‍ ക്രൈസ്‌തവർ പെസഹ ആചരിക്കുന്നു ഇടുക്കി: ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കാൽകഴുകലും നടന്നു. ഇന്നു വൈകിട്ട് പെസഹ അപ്പം മുറിക്കലും ഉണ്ടാകും. നാളെ ദുഃഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ വഴിയും പ്രത്യേക പ്രാർഥനകളും നടക്കും. 'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്ക് അർഥമാക്കുന്നത്.
യേശു ക്രിസ്‌തു സ്വയം അപ്പവും വീഞ്ഞുമായി മാറി അപ്പോസ്‌തലർക്ക് വിഭജിച്ച് നല്‍കി വിശുദ്ധ കുർബാന നടത്തിയതും പന്ത്രണ്ട് ശിഷ്യരുടെ കാല്‍ കഴുകിയതിന്‍റെയും ഓർമയാണ് പെസഹ ദിനമായി ആചരിക്കുന്നത്. ലോകത്തിന് മുഴുവൻ എളിമയുടെ സന്ദേശമാണ് യേശു ഇതുവഴി നല്‍കിയതെന്നും ക്രൈസ്‌തവർ വിശ്വസിക്കുന്നു.
വിശുദ്ധ വാരാചരണത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴം. പെസഹ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും കുരിശു മരണവും ഉയിർത്തെഴുന്നേൽപ്പും സ്മരിക്കും. കുടുംബങ്ങളിലെ കാരണവർ അപ്പം മുറിച്ച് 'പെസഹ പാലിൽ' മുക്കി എല്ലാവർക്കുമായി നൽകുന്നതാണ് വീടുകളിൽ പെസഹാ ദിവസം നടക്കുന്ന ചടങ്ങ്. ഇതിനായി ഓശാനയ്ക്കു പള്ളികളിൽ നിന്നു നൽകുന്ന കുരുത്തോലകളിൽ ഒന്നു മുറിച്ചു കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളിൽ വെക്കുകയും ചെയ്യും.
കേരളത്തിലെ എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പെസഹ ശുശ്രൂഷകൾ നടന്നു. വൈദികർ കാല്‍കഴുകല്‍ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.