ഇടുക്കി: മാത്യു കുഴൽനാടൻ എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് (Mathew Kuzhalnadan Resort License) പുതുക്കി നൽകി. റിസോർട്ടിന് ഹോം സ്‌റ്റേ (Home Stay) ലൈസൻസാണ് നൽകിയിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.
മാത്യു കുഴൽനാടന്‍റെ ഉടമസ്ഥതയിൽ ചിന്നക്കനാലിൽ പ്രവർത്തിക്കുന്ന കപ്പിത്താൻ സ്‌റ്റേ (Kappithan Stay Resort) റിസോർട്ടിന്‍റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതേതുടർന്ന് ലൈസൻസിന് അപേക്ഷ നൽകുകയും പഞ്ചായത്ത്, പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ എൻ ഒ സിയും ആവശ്യപെട്ടിരുന്നു. സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയ മുറയ്ക്കാണ് ലൈസൻസ് അനുവദിച്ചത്.
അഞ്ച് വർഷത്തേക്കുള്ള ലൈസൻസിനാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻ ഒ സിയുടെ കാലാവധി ഡിസംബർ 31 വരെ ആയതിനാലാണ് നിലവിൽ ലൈസൻസ് ഡിസംബർ 31 വരെ നൽകിയിരിയ്ക്കുന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തില്‍ ഹോം സ്‌റ്റേ ലൈസൻസായിരുന്നു അനുവദിച്ചിരുന്നത്.
എന്നാൽ സ്‌ക്വയര്‍ ഫീറ്റിന് 90 രൂപ നിരക്കിൽ റിസോർട്ടുകളുടെ ടാക്‌സാണ് സ്ഥാപനം നൽകുന്നത്. ഹോം സ്‌റ്റേകള്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 60 രൂപ നിരക്കിലാണ് ടാക്‌സ് ഈടക്കുന്നത്. റിസോർട്ട് ലൈസൻസ് ആയി മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കിൽ പുതിയ അപേക്ഷ വാങ്ങും. കപ്പിത്താൻ സ്‌റ്റേയോട് അനുബന്ധിച്ച് ഗാർഹിക അവശ്യത്തിനുള്ള അനുമതിയിൽ നിർമിച്ച കെട്ടിടം റിസോർട്ടിന്‍റെ ഭാഗമാക്കിയത് വിവാദമായിരുന്നു.
മാസപ്പടി വിവാദം വിടാതെ മാത്യു കുഴല്‍നാടന്‍ (Mathew Kuzhalnadan On Monthly Quota Controversy): അതേസമയം, ഇക്കഴിഞ്ഞ 11ന് മാസപ്പടി വിവാദം (Monthly Payment Controversy) മാത്യു കുഴൽനാടൻ വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കുഴൽനാടൻ ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്ന പാർട്ടിയായി സിപിഎം (CPM) മാറിയെന്ന് ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു (Mathew Kuzhalnadan against CM Pinarayi Vijayans Family in Assembly).
കുഴല്‍നാടന്‍റെ ആരോപണം: എക്‌സാലോജിക്കിന് (Exalogic) യാതൊരു ഉത്തരവാദിത്തവും കരാറിൽ നൽകിയിട്ടില്ല. ഒരു കോടി 75 ലക്ഷം രൂപ നിയമവിരുദ്ധമായി എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സിപിഎം പാർട്ടിക്കകത്ത് ഇതു ചർച്ച ചെയ്യാൻ ആരുമില്ലല്ലോ എന്ന് കരുതി വിഷമിക്കുന്ന സാധാരണ കമ്മ്യൂണിസ്റ്റുകാർ നിരവധി പേരുണ്ട്. അവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
"മാസപ്പടി മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയോ മടിയിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ അഴിമതിക്ക് സിപിഎം കാവൽ നിൽക്കുന്നു, മുഖ്യമന്ത്രിയുടെ മകളുടെ തീവെട്ടി കൊള്ളയ്ക്ക് സിപിഎം കാവൽ നിൽക്കുന്നു. മാസപ്പടിയിൽ ആർക്കും മറുപടിയില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. 1.72 കോടി രൂപയാണ് വാങ്ങിയത്. പാർട്ടിക്ക് ചരിത്രവും പാരമ്പര്യവും ഇല്ലേ? എന്തിനാണ് പാർട്ടി കാവൽ നിൽക്കുന്നത്. ഒരു സേവനവും നൽകാതെയാണ് പണം വാങ്ങിയത്. പണം മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. അഴിമതി പണമാണ് ഇത്"- മാത്യു കുഴൽനാടൻ പറഞ്ഞു.