ഇടുക്കി:ഹൈറേഞ്ചിലെ ജലാശയങ്ങളിൽ വൻതോതിൽ മത്സ്യസമ്പത്ത് കുറയുന്നു. മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയ ആദിവാസി കുടുംബങ്ങളടക്കം ഇതോടെ ദുരിതത്തിലാണ്. ആഫ്രിക്കൻ മുഷിയുടെ അതിവ്യാപനവും വൻതോതിലുള്ള കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്തിന് തിരിച്ചടിയാകുന്നത്.
ഇടുക്കിയിലെ ജലാശയങ്ങളിൽ വൻതോതിൽ മത്സ്യസമ്പത്ത് കുറയുന്നു
ആഫ്രിക്കൻ മുഷിയുടെ അതിവ്യാപനവും വൻതോതിലുള്ള കീടനാശിനി പ്രയോഗമാണ് മത്സ്യസമ്പത്തിന് തിരിച്ചടിയായി മാറുന്നത്.
ജില്ലയിലെ ആനയിറങ്കൽ ജലാശയങ്ങളിൽ നിന്നും മത്സ്യബന്ധനം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്നത് നിരവധി ആദിവാസി കുടുംബങ്ങളാണ്. എന്നാൽ സമീപകാലത്തായി മത്സ്യ സമ്പത്തിൽ ഉണ്ടായിരിക്കുന്ന വൻ കുറവ് കനത്ത തിരിച്ചടിയാണ് ഇവർക്ക് നല്‍കുന്നത്. മറ്റു മത്സ്യങ്ങളെ ഭക്ഷിക്കുന്ന ആഫ്രിക്കൻ മുഷിയുടെ അതിവ്യാപനവും തേയില, ഏലത്തോട്ടങ്ങളിലെ അമിതമായ കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്തിന് ഭീഷണിയായി മാറുന്നത്.
നേരത്തെ ദിവസേന 50 കിലോഗ്രാം വരെ മത്സ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ കാത്തിരുന്നാൽ അഞ്ച് കിലോയിൽ താഴെ മാത്രമാണ് മത്സ്യം ലഭിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. ആദിവാസികളുടെ അടക്കം ഉപജീവനമാർഗം കണക്കിലെടുത്ത് മുമ്പ് ഫിഷറീസ് വകുപ്പ് ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രവർത്തനം നടക്കുന്നില്ല. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും കീടനാശിനി പ്രയോഗത്തിന് തടയുന്നതിനും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.