കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍ ഇടുക്കി:തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജ ശർക്കരയുടെ കടന്നുവരവ് തടയാനാകാത്തതും വിലയിടിവും മറയൂർ ശർക്കരക്ക് തിരിച്ചടിയാകുന്നു. ഭൗമ സൂചിക പദവി ലഭിച്ചിട്ടും വിപണിയിൽ വലിയ വെല്ലുവിളിയാണ് മറയൂർ ശർക്കര നേരിടുന്നത്. വിപണിയില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു മറയൂര്‍ ശർക്കരയ്ക്ക്.
ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച ഇല്ലാത്തതാണ് മറ്റുള്ളവയില്‍ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്‌തമാക്കുന്നത്. എന്നാൽ കടുത്ത പ്രതിസന്ധി നേരിടുകയാണ് കർഷകർ ഇപ്പോൾ. വിപണിയിൽ സുലഭമായി എത്തുന്ന വ്യാജ ശർക്കരയാണ് യഥാർഥ ഉത്പാദകരെ വലയ്ക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ശര്‍ക്കര മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ വിൽക്കുന്നു. ഉത്‌പാദനത്തിന് അനുസരിച്ച് വില കിട്ടാത്തതും വ്യാജ ശർക്കരയുടെ വ്യാപനവും കരിമ്പ് കർഷകർക്ക് തിരിച്ചടിയാണ്. മറയൂരിലെ കരിമ്പ് കർഷകരെ മാത്രം ആശ്രയിച്ചാണ് മറയൂർ ശർക്കരയുടെ ഉത്പാദനം.
വിപണിയിൽ വ്യാജൻ എത്തുമ്പോൾ ഇത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിപണിയിൽ എത്തുന്ന വ്യാജ മറയൂര്‍ ശർക്കരയുടെ വിപണനം തടയുമെന്ന് സർക്കാർ വാഗ്‌ദാനം ചെയ്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.