ഇടുക്കി: മഴക്കാലമായാൽ ഇടുക്കി രാജകുമാരി മഞ്ഞക്കുഴി നിവാസികൾക്ക് ഉറക്കം നഷ്ട്ടപ്പെട്ട രാത്രികളാണ്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഭയന്ന് രാത്രികൾ തള്ളിനീക്കുകയാണ് മഞ്ഞക്കുഴിയിലെ പത്തോളം കുടുംബങ്ങൾ. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി മഞ്ഞക്കുഴിയിൽ ഏക്കർ കണക്കിന് കൃഷിനാശവും മഞ്ഞക്കുഴി തോട് കരകവിഞ്ഞ് പത്തോളം വീടുകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്‌ടങ്ങളും സംഭവിച്ചിരുന്നു.
വർഷങ്ങൾക്കു മുൻപ് നെൽകൃഷിയുടെ ആവശ്യത്തിനായി തടയണയുടെ രൂപത്തിൽ മഞ്ഞക്കുഴി തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്‍റെ തൂൺ കാലുകളിൽ മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രളയത്തെ തുടർന്നുള്ള ഓരോ മഴക്കാലത്തും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാലത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് മഞ്ഞക്കുഴി നിവാസികൾ.