ഇടുക്കി:ശാന്തൻപാറ ബിഎൽ റാവിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. സുഹൃത്തായ കൊല്ലം അഞ്ചൽ സ്വദേശി റിയാസ് ഇബ്രാഹിംകുട്ടിയെയാണ് ശാന്തൻപാറ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയ്ക്കിടയിൽ വയറിനേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസാണ് മരിച്ചത്. തടിപ്പണിക്കായി ബിഎൽ റാവിൽ എത്തിയ ചന്ദ്രബോസും റിയാസും തമ്മിൽ ഇക്കഴിഞ്ഞ 15-ാം തിയതി വൈകിട്ടാണ് മദ്യപിച്ച ശേഷം വാക്ക് തർക്കമുണ്ടാകുന്നത്. തർക്കത്തിനിടയിൽ റിയാസ് ചന്ദ്രബോസിനെ പിടിച്ചു തള്ളുകയും മരകുറ്റിക്ക് മുകളിലേക്ക് വീണ ചന്ദ്രബോസിന്‍റെ വയറിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് രാത്രിയോടെ വയറിനു വേദന വർധിക്കുകയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തികരിച്ചു ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സംസ്‌കരിച്ചു. പ്രതിയായ കൊല്ലം അഞ്ചൽ സ്വദേശി എ.ആർ മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടിയെ കോടതിയിൽ ഹാജരാക്കി.
സമാന സംഭവങ്ങള്‍ മുമ്പും:ഇക്കഴിഞ്ഞ മാര്‍ച്ച് 20 ഇടുക്കിയിലെ കുമളി റോസപ്പൂക്കണ്ടത്ത് വഴിയരികില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. കുമളി സ്വദേശി രുക്‌മാന്‍ അലി (36) കൊല്ലപ്പെട്ട സംഭവത്തില്‍ കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തിരുന്നത്.
മാര്‍ച്ച് 20 ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കുമളി ടൗണിനടുത്തുള്ള ബാറിന് സമീപം ഇയാളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു സംഭവത്തില്‍ പൊലീസ് നിഗമനം.
ഇതിനും മുമ്പ് കൊച്ചിയിലും സമാനമായ സംഭവമുണ്ടായിരുന്നു. സുഹൃത്തിന്‍റെ കുത്തേറ്റ് നാല്‍പതുകാരനായ നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് രാത്രി വൈപ്പിന്‍ നെടുങ്ങാട് വച്ചായിരുന്നു സംഭവം അരങ്ങേറിയത്. ഇരുചക്ര വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തുടര്‍ന്ന് ഇയാള്‍ തന്നെ സനോജിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തിരുന്നതായുമാണ് വിവരം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഫൈനലിലെ അടിപിടി:ഇതുകൂടാതെ ഇക്കഴിഞ്ഞ ഡിസംബർ 18 ന് പത്തനംതിട്ടയില്‍ സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്‌റ്റിലായിരുന്നു. കല്ലൂപ്പാറ സ്വദേശിയായ വിനീത് എന്ന് വിളിക്കുന്ന ജോ വർഗീസിനെയാണ് (32) കീഴ്‌വായ്പ്പൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ മാസങ്ങൾക്കുമുമ്പുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നടന്ന കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായതെന്നും പൊലീസ് അറിയിച്ചിരുന്നു. ഇരുവരും പുതുശ്ശേരിയിലെ ഒരു സ്പോർട്‌സ് ക്ലബ്ബിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തിലെ വിവിധ ജില്ലകളിലായി അടുത്തിടെ നിരവധി പേരാണ് സമാന സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. അടുത്തിടെ എറണാകുളം കെഎസ്‌ആര്‍ടിസി സ്‌റ്റാൻഡിന് സമീപം പാലക്കാട് സ്വദേശിയായ സന്തോഷും ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.