ഇടുക്കി: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് കമ്പംമെട്ട് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. പാറത്തോട് മണികണ്‌ഠവിലാസം മണികണ്‌ഠ(36) നാണ് മർദനമേറ്റത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ട കേസിലാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30ന് തമിഴ്‌നാട്ടിലെ തേവാരം പനായിപ്പുറത്ത് താമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാനായി മണികണ്‌ഠൻ കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ കടന്നുപോയിരുന്നു. വാഹനത്തിൽ ഡ്രൈവറടക്കം നാല് പേരും ഒപ്പമുണ്ടായിരുന്നു. ചെക്ക്പോസ്റ്റിൽ യാത്ര രേഖ കാണിച്ച് രജിസ്റ്ററിൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിട്ടത്.
ഇതിനിടെ ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍റെ മൊബൈൽ ഫോൺ കാണാതായി. തുടർന്ന് ചെക്കുപോസ്റ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ മണികണ്‌ഠൻ കുനിഞ്ഞ് നിലത്തുനിന്നും എന്തോ എടുക്കുന്നതായി കണ്ടു. ഇതേത്തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥൻ കമ്പംമെട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന മണികണ്‌ഠന്‍റെ ഫോണിൽ പൊലീസ് ബന്ധപ്പെട്ട് അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ മണികണ്‌ഠനെയും സുഹൃത്തുക്കളെയും കാര്യമെന്തെന്ന് പറയാതെ മോഷ്ടിച്ച ഫോൺ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മർദനം ആരംഭിക്കുകയായിരുന്നെന്ന് മണികണ്‌ഠൻ പറയുന്നു.