തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു
ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം.
ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികള്‍, അപേക്ഷകള്‍, ഫോണ്‍ സന്ദേശങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, മറ്റ് അധികാരികള്‍ എന്നിവര്‍ക്ക് കൈമാറുക, സന്ദേശങ്ങള്‍ കൃത്യമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഇ-മെയില്‍ സന്ദേശങ്ങള്‍ കൃത്യമായി പരിശോധിക്കുക, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സാങ്കേതിക സഹായം ലഭ്യമാക്കുക എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തന ചുമതലകള്‍. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ മുകളിലത്തെ നിലയിലെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എച്ച് ദിനേശനാണ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനും സംശയം തീർക്കുന്നതിനും പൊതുജനങ്ങള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. രാവിലെ ഒൻപതു മണി മുതല്‍ രാത്രി ഒൻപതു മണി വരെയാണ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ - 04862 232400, 232440, 9496328171.