ഇടുക്കി:രാജാക്കാട് പഞ്ചായത്തില്‍ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍. ഇടത് കോട്ട ഇത്തവണ പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം കൂടി മുന്നണിയില്‍ എത്തിയതോടെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വിജയം കരസ്ഥമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രൂപീകരണ കാലം മുതല്‍ ഇടത് പക്ഷത്തിനൊപ്പം നിന്ന പഞ്ചായത്താണ് രാജാക്കാട്. ഇടുക്കിയിലെ ഏറ്റവും ശക്തമായ ഇടത് കോട്ടകളിലൊന്ന്. 13 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ സിപിഎം അഞ്ച്, സിപിഐ രണ്ട്, കോണ്‍ഗ്രസ് നാല്, കേരളാ കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
പോരാട്ടം കടുപ്പിച്ച് രാജാക്കാട്; ഇടതുകോട്ട പിടിക്കാന്‍ കച്ചകെട്ടി യുഡിഎഫ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ പ്രസിഡന്‍റായുള്ള ഭരണ സമിതിയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. മാലിന്യ സംസ്‌കരണം, ഗ്രാമീണ വികസനം, കുടിവെള്ള പദ്ധതികള്‍ തുടങ്ങി സമഗ്ര മേഖലകളിലും നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഇത്തവണ കനത്ത വിജയം സമ്മാനിക്കുമെന്നാണ് ഇടത് പക്ഷത്തിന്റെ കണക്കു കൂട്ടല്‍.
മാലിന്യ സംസ്‌കരണത്തിലെ പോരായ്മ, പ്രവര്‍ത്തന രഹിതമായ വഴിവിളക്കുകള്‍, പ്രവര്‍ത്തന രഹിതമായ ഗ്യാസ് ക്രിമിറ്റോറിയം, തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ പോരായ്മകള്‍ തുടങ്ങി പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥ വോട്ടായി മാറുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാജാക്കാട് ലോ കോളജ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഫ്ലക്സില്‍ ഒതുങ്ങി. കഴിഞ്ഞ തവണ മുന്നണിക്കൊപ്പം ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് പോയെങ്കിലും ഇത്തവണ പഞ്ചായത്ത് പിടിച്ചടക്കാനാവുമെന്ന് വലതു പക്ഷം കരുതുന്നു.
രാജാക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷനും എക്‌സൈസ് ഓഫീസും ആരംഭിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. വിദ്യാഭ്യാസ രംഗത്ത് പഞ്ചായത്ത് പുരോഗതി കൈവരിച്ചിട്ടില്ലെന്നും കാര്‍ഷിക ആനുകൂല്യങ്ങള്‍ അര്‍ഹതപെട്ടവരിലേക്ക് എത്തുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ടൂറിസം, കാര്‍ഷിക രംഗങ്ങളിലാണ് പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. രാജാക്കാട് ടൗണിലെ ഷോപ് സൈറ്റ് പട്ടയം പ്രശ്‌നം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം വഹിക്കും. ഈ വിഷയത്തില്‍ ടൗണിലെ വ്യാപാരികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.