ഇടുക്കി:തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മുറുകുകയാണ്. അടിമാലി ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. ഇത് സംബന്ധിച്ച് അടിമാലി മണ്ഡലം പ്രസിഡന്‍റ് സി.എസ് നാസര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇക്കാര്യത്തില്‍ നടപടി കൈകൊള്ളണമെന്ന് സി.എസ് നാസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പ്രതികരിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യുന്നതായി പരാതി
അടിമാലി ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം
നിഷ്‌പക്ഷ താല്‍പര്യങ്ങളുടെ പേരില്‍ വ്യാപകമായി വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാന പരാതി. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത വാര്‍ഡുകളിലേക്ക് പലവിധ കാരണങ്ങളാല്‍ മാറിതാമസിക്കേണ്ടി വന്നവര്‍ക്ക് സമയബന്ധിതമായി അതാതുവാര്‍ഡുകളില്‍ വോട്ടുകള്‍ ചേര്‍ക്കാനായിട്ടില്ലെന്നും വോട്ട് ചേര്‍ക്കേണ്ട തീയതിയും എല്ലാവിധ സാധ്യതകളും അവസാനിച്ചിരിക്കെ അനധികൃതമായി വോട്ടുകള്‍ നീക്കം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.