ഇടുക്കി : മൂന്നാര്‍ ദൗത്യം വീണ്ടും സജീവമാകുമ്പോള്‍ ഇടുക്കിയിലെ എല്‍ഡിഎഫ് നേതാക്കള്‍ തമ്മില്‍ വാക്‌പോര് മുറുകുന്നു. റവന്യൂ വകുപ്പ് തന്നെ ഏല്‍പ്പിക്കാന്‍ ശിവരാമന്‍ ബന്ധപ്പെട്ടവരോട് പറയണമെന്ന് എം എം മണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്‌ബുക്കിലൂടെ സിപിഐ നേതാവ് കെ കെ ശിവരാമന്‍, നടത്തിയ പ്രസ്‌താവനകളോട് പ്രതികരിക്കുകയായിരുന്നു എം എം മണി. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ കെ മണിയും താനും ജനങ്ങള്‍ക്കൊപ്പമാണെന്നും എം എം മണി വ്യക്തമാക്കി(LDF Leader's Fight Over Idukki Encroachment).
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ വീണ്ടും ദൗത്യ സംഘത്തെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് ഇടുക്കിയിലെ മുതിര്‍ന്ന ഇടതുമുന്നണി നേതാക്കള്‍ തമ്മില്‍ വാക്‌പോര് ആരംഭിച്ചിരിക്കുന്നത്. എം എം മണിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സിപിഐ നേതാവ് കെ കെ ശിവരാമന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായി, കയ്യേറ്റമുണ്ടെന്ന് അറിയാമെങ്കില്‍, ശിവരാമന്‍ വന്ന് കാട്ടിക്കൊടുക്കട്ടെ എന്നായിരുന്നു എം എം മണിയുടെ നിലപാട്.