ഇടുക്കി:സംസ്ഥാനത്താകെ മഴയ്ക്ക് ശമനമുണ്ടെങ്കിലും ഇടുക്കിയില്‍ ഉച്ചയ്ക്ക് ശേഷം ഇടവിട്ട ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ രാത്രിയിലും ഇടിയോട് കൂടിയ മഴയാണ് ഉണ്ടായത്. പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.
രാജാക്കാട് പൊന്മുടിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷിയിടം ഒലിച്ചു പോയി. ഒരു വീട് ഭാഗീകമായും മറ്റൊരു വീട് അപകട ഭീഷണിയിലുമാണ്. മടവേലില്‍ സനലിന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി ഉള്‍പ്പെടെയാണ് ഉരുള്‍പൊട്ടലില്‍ തകർന്നത്.
ALSO READ:പ്രഹരമായി ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ കടന്നു
ഉരുൾപൊട്ടിയെത്തിയ മണ്ണും കല്ലും സനലിന്‍റെ വീടിന്‍റെ താഴ്വശത്തായുള്ള ത്രേസ്യാമ്മയുടെ വീടിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു. ത്രേസ്യാമ്മയും കുട്ടികളുമടക്കം വലിയ ശബ്‌ദം കേട്ട് പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
പഞ്ചായത്ത് വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി . ഇനിയും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ നിന്നും മാറി താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിൽ ശക്‌തമായ മഴ പെയ്യുന്നത് മലയോരത്തെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിരിക്കുകയാണ്