ഇടുക്കി :മൂന്നാറില്‍ കുണ്ടള പുതുകടിയ്ക്ക് സമീപം ഉരുള്‍പൊട്ടി. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഇയാളെ പുറത്തെത്തിക്കുന്നതിനായി തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നാറില്‍ നിന്നും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് മൂന്നാറിലെത്തിയ സംഘത്തിന്‍റെ വാഹനത്തിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്.
മൂന്നാർ കുണ്ടളയില്‍ ഉരുൾപൊട്ടൽ രണ്ട് വാഹനങ്ങളിലായാണ് ഇവർ മൂന്നാറില്‍ എത്തിയത്. ഇതിൽ മുന്‍പില്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഉരുൾപൊട്ടലുണ്ടായതോടെ മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
അതേസമയം മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപവും മണ്ണിടിച്ചിലുണ്ടായി. ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.വിനോദ സഞ്ചാരികളും മറ്റ് യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ല കലക്‌ടർ അറിയിച്ചു.